ന്യൂഡൽഹി:
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവന്നത്. കേരളത്തിലെ നിരവധി ജില്ലകളിൽ പോസിറ്റിവിറ്റി 15ന് മുകളിലുണ്ട്. സംസ്ഥാനത്ത് 23.24 ആണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്.
ചൊവ്വാഴ്ച നടന്ന ഉന്നതസമിതി യോഗത്തിലാണ് ലോക്ഡൗൺ നിർദ്ദേശം ഉയർന്നത്. രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളിൽ ഏതാനും ആഴ്ചകൾ ശക്തമായ ലോക്ഡൗൺ നടപ്പാക്കുന്നതിലൂടെ മാത്രമേ വ്യാപനം നിയന്ത്രിക്കാനാകൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗബാധ അതിതീവ്രമായി തുടരുകയാണ്. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ മരണം രണ്ട് ലക്ഷം പിന്നിട്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 66,538 പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. യു പി, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 30,000ലധികം രോഗികളുണ്ട്.