Fri. Nov 22nd, 2024
തിരുവനന്തപുരം:

കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ എംകെ മുനീർ, അഭിഭാഷകനായ സാബു പി ജോസഫ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് രോഗികളിൽ നിന്ന് ലക്ഷങ്ങളാണ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്.

ചികിത്സാ നിരക്ക് നിർണയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണം. നിലവിലെ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും, സർക്കാർ സംവിധാനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

By Divya