Wed. Nov 6th, 2024
തിരുവനന്തപുരം:

കേരളത്തിൽ പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുളള യുകെ, ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളുണ്ടെന്നു ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ റിപ്പോർട്ട്. ഫെബ്രുവരിയിലെ പഠനത്തിൽ 3.8 % കൊവിഡ് ബാധിതരിലാണ് ഇവ കണ്ടതെങ്കിൽ, മാർച്ച് രണ്ടാം പകുതിയോടെ 40 % ആയി. കഴിഞ്ഞ മാസം ശേഖരിച്ച സാംപിളുകളിൽ പ്രതിരോധശേഷിയെ മറികടക്കുന്ന 18 ജനിതക വകഭേദങ്ങൾ കണ്ടെത്തിയെങ്കിലും യുകെ, ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളാണു പ്രബലം.

യുകെ വകഭേദം (ബി.1.1.7): ജനുവരിയിൽ കണ്ണൂരിലും ഫെബ്രുവരിയിൽ കാസർകോട്, ഇടുക്കി, കോട്ടയം ജില്ലകളിലും ദൃശ്യമായി. അപ്പോൾ 3.8 % എന്നതായിരുന്നു തോത്. എന്നാൽ, കഴിഞ്ഞ മാസം പത്തിരട്ടിയോളം വർധനയുണ്ടായി. 750 സാംപിളുകളിൽ 29.92 % ഈ വകഭേദം. കണ്ണൂരിൽ 75 %, കാസർകോട്ട് 66 %, മലപ്പുറത്ത് 59 % എന്നിങ്ങനെയാണ് ഇതിന്റെ സാന്നിധ്യം.

ഇന്ത്യൻ വകഭേദം (ബി.1.1.617): കഴിഞ്ഞ മാസം ദൃശ്യമായി. ഇപ്പോൾ 7.3 %. മുംബൈയിലും ഗുജറാത്തിലും രോഗവ്യാപനം രൂക്ഷമാക്കിയ ഈ വകഭേദം കൂടുതൽ കണ്ടെത്തിയതു കോട്ടയം (19.5 %), ആലപ്പുഴ ജില്ലകളിലാണ്.

ദക്ഷിണാഫ്രിക്കൻ വകഭേദം (ബി.1.351): കഴിഞ്ഞ മാസം കേരളത്തിൽ ദൃശ്യമായി. ഇപ്പോൾ 4.12 %. കൂടുതൽ സാന്നിധ്യമുള്ളത് പാലക്കാട് (21.43 %), കാസർകോട്, വയനാട് ജില്ലകളിലാണ്.

ബാക്കി 60 % കേരളത്തിൽ നേരത്തേ വലിയ തോതിൽ കണ്ട എൻ440കെ ഉൾപ്പെടെയുള്ള വകഭേദങ്ങളാണ്. പലതിനും പേരിട്ടിട്ടില്ല. ഇവയിൽ കൂടുതൽ കരുത്തുള്ളവ മറ്റുള്ളവയെ നിഷ്പ്രഭമാക്കുമെന്നു ജനിത ശ്രേണീകരണത്തിനു നേതൃത്വം നൽകുന്ന ഡോ വിനോദ് സ്കറിയ പറയുന്നു.

By Divya