Wed. Jan 22nd, 2025
ഹരിയാന:

കൊവിഡ് മരണങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. മരിച്ചവർ തിരിച്ച് വരില്ല. കൊവിഡ് മരണത്തെ കുറിച്ചുള്ള ചർച്ച അനാവശ്യമെന്നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ചൊവ്വാഴ്ച പ്രതികരിച്ചത്.

രോഗം ഭേദമാകുന്നവരുടെ എണ്ണത്തെ കുറിച്ച് ആരും മിണ്ടുന്നില്ലെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു. കൂടുതല്‍ ആളുകള്‍ രോഗവിമുക്തരാവുന്നതിനായിരിക്കണം കൂടുതല്‍ ശ്രദ്ധയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
അപകടകരമായ ഒരു സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്.

മരിച്ചവരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ചയല്ല ഇപ്പോഴാവശ്യം. അസുഖത്തില്‍ നിന്ന് ആളുകള്‍ മുക്തി നേടുന്നതിനാവണം ശ്രദ്ധയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ എഎന്‍ഐയോട് പ്രതികരിച്ചത്. ഹരിയാനയിലെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച ചോദ്യത്തിനാണ് ഖട്ടറിന്‍റെ വിചിത്ര മറുപടി. സര്‍ക്കാരിന്‍റെ കൊവിഡ് മരണ കണക്കുകളേക്കാള്‍ അധികം ആളുകള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ട്.

മരിച്ചവര്‍ തിരികെ വരില്ല.എല്ലാവരേയും രക്ഷിക്കാനാണ് ശ്രമം. മരണത്തിന്‍റെ എണ്ണം കൂടുതലാണോ കുറവാണോ എന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും ഖട്ടര്‍ പറഞ്ഞു. തിങ്കളാഴ്ച ഹരിയാനയില്‍ 75 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

11504 പുതിയ കേസുകളാണ് തിങ്കളാഴ്ച ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ ദൗര്‍ലഭ്യമില്ലെന്നും ഹരിയാന മുഖ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.

By Divya