Thu. Dec 19th, 2024
ന്യൂഡല്‍ഹി:

ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗകര്യമൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അശോക ഹോട്ടലാണ് ഇതിന് വേണ്ടി ബുക്ക് ചെയ്യുന്നത്. അശോക ഹോട്ടലില്‍ സജ്ജമാക്കുന്ന താല്‍ക്കാലിക കൊവിഡ് കെയര്‍ സെന്ററിലാവും ചികിത്സ.

പ്രിമസ് ആശുപത്രിയാണ് പഞ്ചനക്ഷത്ര ഹോട്ടലിലെ കൊവിഡ് കെയര്‍ സെന്റര്‍ നടത്തുക. കൊവിഡ് കെയര്‍ സെന്ററിലുണ്ടാവുന്ന മെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനവും ആശുപത്രിയുടെ ചുമതലയായിരിക്കും. രോഗികളെ പരിചരിക്കുന്നതിനുള്ള പ്രാഥമിക പരിശീലനം ഹോട്ടലിലെ ജീവനക്കാര്‍ക്ക് ആശുപത്രി നല്‍കും.

ഹോട്ടല്‍ ജീവനക്കാരുടെ കുറവുവന്നാല്‍ പകരം ആളുകളെ ആശുപത്രി നല്‍കും. ചികിത്സയ്ക്കാവശ്യമായ ചെലവ് ആശുപത്രി വഴി ശേഖരിക്കും. ആശുപത്രിയാണ് ഹോട്ടലിലേക്ക് പണമടയ്ക്കുക.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. ഓക്‌സിജന്‍ കിട്ടാതെ നിരവധിപേരാണ് ഡല്‍ഹിയില്‍ മരിച്ചത്.

ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിക്കുന്നത്.

By Divya