ബ്രിട്ടൺ: ലോകത്തിലെ ഏറ്റവും ധനികനും മനുഷ്യസ്‌നേഹിയുമെന്ന രീതിയിൽ അറിയപ്പെടുന്ന മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സ് സാമൂഹികനീതി പ്രചാരകരിൽനിന്ന് ശക്തമായ വിമർശനങ്ങൾ നേരിടുകയാണ്.
കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സാങ്കേതികവിദ്യയുടെ പേറ്റന്റ് പരിരക്ഷ എടുത്തുകളയുകയും വികസ്വര രാജ്യങ്ങളുമായി ഉത്പാദന രീതി പങ്കുവെച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുകയും ചെയ്യണമെന്ന ആഹ്വാനം മോശം ആശയമാണെന്ന് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെയാണ് എല്ലാമേഖലകളിൽനിന്നും പ്രധിഷേധം ശക്തമാകുന്നത്. ലോകമെമ്പാടും കോവിഡ് വലിയ നാശം വിതച്ചിരിക്കുന്ന സമയത്ത് ബിൽ ഗേറ്റ്സിനെപ്പോലുള്ള ഒരാളിൽനിന്ന് ഇങ്ങനൊരു നിലപാട് പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരുടെയും പ്രതികരണം.
വാക്സിൻ സാങ്കേതികവിദ്യ പങ്കിടുന്നത് “സഹായകമാകുമെന്ന്” കരുതുന്നുണ്ടോ എന്ന് സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ബിൽഗേറ്റ്സ് “ഇല്ല” എന്ന് പ്രതികരിച്ചത്. എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മൈക്രോസോഫ്റ്റിന്റെ സ്ഥാപകനെന്ന നിലയിൽ താൻ വലിയതോതിൽ ആശ്രയിച്ചിരിക്കുന്നത് ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെയാണ്, അത് തന്റെ സോഫ്റ്റ്വെയർ കണ്ടുപിടുത്തങ്ങളെ പതിനായിരക്കണക്കിന് കോടി ഡോളർ സമ്പത്താക്കി മാറ്റിയെന്നും പറഞ്ഞു.
“ലോകത്ത് ധാരാളം വാക്സിൻ ഫാക്ടറികൾ ഉണ്ട്, ആളുകൾ വാക്സിനുകളുടെ സുരക്ഷയെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുന്നവരാണ്. അതിനാൽ മുൻപ് ചെയ്യാത്ത രീതിയിൽ ഉദാഹരണത്തിന് ജോൺസൺ & ജോൺസൺ വാക്സിൻ ഫാക്ടറിയിൽ നിന്ന് ഇന്ത്യയിലെ ഒരു ഫാക്ടറിയിലേക്ക് ഉത്പാദനത്തിന് അനുമതി നൽകുന്നത് പുതിയകാര്യമാണ് – നമ്മുടെ ധനസഹായവും വൈദഗ്ധ്യവും കാരണം മാത്രമേ ഇത് സംഭവിക്കൂ.” എന്നാണു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ സെറം ഫാക്ടറിയെക്കുറിച്ചാണ് ഈ പരാമർശം, അന്തർദ്ദേശീയമായി കോവിഷീൽഡ് വാക്സിൻ നിർമ്മിക്കാൻ ആസ്ട്രാസെനെക്കയുമായി സെറം ഇന്സ്ടിട്യൂട്ടിന് കരാറുണ്ട്.
അതായത് വാക്‌സിന്റെ പൂർണ അവകാശവും അധികാരവും അമേരിക്ക പോലെയുള്ള രാജ്യങ്ങൾക്കു മാത്രമുള്ളതാണെന്നും. സാമ്പത്തിക ലാഭം വേണ്ട എന്ന രീതിയിൽ മറ്റുരാജ്യങ്ങൾക്ക് ഇവ പങ്കിടുന്നത് ശരിയല്ലെന്നുമായിരുന്നു ബിൽ ഗേറ്റ്‌സിന്റെ അഭിപ്രായം.
യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ അവരുടെ ജനസംഖ്യയ്ക്ക് ആദ്യം കുത്തിവയ്പ് നൽകിയതിൽ അത്ഭുതമില്ലെന്നും ആ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായതാണ് അങ്ങനെ ചെയ്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നോ നാലോ മാസത്തിനുള്ളിൽ വാക്‌സിൻ രോഗവ്യാപനം കൂടുതലുള്ള എല്ലാ രാജ്യങ്ങളിലേക്കും എത്തുമെന്നും അതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.
വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനെതിരെ വാദിക്കുന്നവർ ശക്തമായ വിമർശനമാണ് ബിൽ ഗേറ്റ്സിന്റെ പ്രതികരണത്തിനെതിരെ ഉന്നയിക്കുന്നത്. ഗ്ലോബൽ ജസ്റ്റിസ് നൗ എന്ന ഡബ്ല്യുടിഒ-യുടെ പേറ്റന്റ് സംരക്ഷണം എഴുതിത്തള്ളാൻ ആവശ്യപ്പെടുന്ന അന്താരാഷ്ട്ര സഖ്യത്തിലെ പ്രധാന പങ്കാളികളിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ക് ഡിയർഡെൻ ഗേറ്റ്സിന്റെ പരാമർശം അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാനിന്നാണ് പറഞ്ഞത്.
പേറ്റന്റ് എഴുതിത്തള്ളലിന്റെയും സാങ്കേതികവിദ്യ പങ്കിടലിന്റെയും അടിയന്തിര ആവശ്യത്തെക്കുറിച്ച് ആഴത്തിൽ ദി ഗാർഡിയനിൽ എഴുതിയ ജേണലിസ്റ്റ് സ്റ്റീഫൻ ബുറാനി, വാക്സിൻ സാങ്കേതികവിദ്യ പങ്കിടുന്നതിനെതിരായ ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിനെതിരെ മുന്നോട്ടുവന്നു.
ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തെ ബുറാനി വിശേഷിപ്പിച്ചത് “നമുക്ക്കൂടുതൽ വാക്‌സിൻ നിർമ്മിക്കാൻ കഴിയില്ല, നമുക്ക് ലാഭം വേണ്ടെന്നുവെക്കാൻ കഴിയില്ല, നമുക്ക് ദരിദ്രരാജ്യങ്ങളെ വിശ്വാസമില്ല, എന്നിട്ട് അവർക്ക് നമ്മൾ കഴിച്ചതിന്റെ എച്ചിൽ ലഭ്യമാക്കണം, വളരെ മോശം” എന്നാണ്.