Sat. Jan 18th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദ്ദേശം നല്‍കി. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ആരോഗ്യ വകുപ്പ് മാര്‍ഗ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജനങ്ങളും സമയക്രമം പാലിച്ച് തന്നെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തണമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വലിയ ജനത്തിരക്കാണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സീനേഷൻ കേന്ദ്രത്തില്‍ ഇന്ന് ഉണ്ടായത്. പ്രായമായവരടക്കം ഏറെ നേരമായി വാക്സീനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളായി കാത്ത് നിൽക്കുന്നവ‍‍‍‍‌‍ർക്കും ഇത് വരെ വാക്സീൻ കിട്ടിയിട്ടില്ല.

തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സീനേഷൻ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ ഉള്ളത്. തിരക്കിനിടയിൽ രണ്ട് പേർ കുഴഞ്ഞ് വീണു.
ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം.

By Divya