Mon. Dec 23rd, 2024
ന്യൂഡൽഹി:

18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്ര സർക്കാർ. മെയ് ഒന്നിന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്സിനേഷൻ സർക്കാർ കേന്ദ്രങ്ങളിലും ലഭിക്കുമെന്നാണ് തിരുത്ത്.
നേരത്തെ സ്വകാര്യ ആശുപത്രികളിൽ മാത്രമേ വാക്സീൻ ലഭ്യമാകൂ എന്നായിരുന്നു നേരത്തെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയത്.  ഇത് തിരുത്തിയ കേന്ദ്രം, സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുന്ന വാക്സീൻ മാത്രം സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യുമെന്ന് പുതിയ അറിയിപ്പിൽ പറയുന്നു.

വാക്സിൻ സ്വീകരിക്കാനായി കൊവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.  ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്ട്രർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ സംസ്ഥാനം വാങ്ങിയ വാക്സീനുണ്ടെങ്കിൽ അത് സർക്കാർ ആശുപത്രികൾ വഴി ലഭ്യമാക്കും.

സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ സ്വീകരിക്കുന്നവർ  സ്വന്തം കൈയിൽനിന്നും പണം ചിലവഴിക്കേണ്ടി വന്നേക്കും. സ്വകാര്യ മേഖലയിൽ സെറം ഇൻസിറ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികൾ അറിയിച്ചത്.

സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യമേഖലയിലും വാക്സിൻ കൊടുക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ വിവിധ സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്സിൻ കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന.

മെയ് 15 വരെയെങ്കിലും കമ്പനികളിൽ നിന്നും വാക്സിൻ കിട്ടാൻ സാധ്യതയില്ലെന്നാണ് രാവിലെ മാധ്യമങ്ങളെ കണ്ട് കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോ​ഗ്യമന്ത്രിമാ‍ർ അറിയിച്ചു. ഈ സാഹചര്യത്തിൽ യുവജനങ്ങളുടെ വാക്സിനേഷൻ സ്വകാര്യമേഖലയിൽ നടക്കുമ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സ‍ർക്കാർ ആശുപത്രികളിൽ തുടരാനാണ് സാധ്യത.

By Divya