Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്തു നിലവിലെ സാഹചര്യങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. പകരം ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും. മറ്റു ദിവസങ്ങളിൽ ജനങ്ങളുടെ ജോലി മുടങ്ങാത്ത രീതിയിലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

തീവ്ര കൊവിഡ് വ്യാപനമുള്ള മേഖലകളിൽ സോണൽ ലോക്ഡൗണിനും സാധ്യതയുണ്ട്. ഇന്നു ചേരുന്ന സർവകക്ഷി യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. വോട്ടെണ്ണൽ ദിനത്തിലെ മുൻകരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

പൂർണ ലോക്ഡൗൺ തൊഴിൽനഷ്ടത്തിനും കൂടുതൽ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സർക്കാരിന്റെ നിലപാട്. പ്രതിപക്ഷത്തിനും പൂർണ ലോക്ഡൗൺ വേണ്ടെന്ന അഭിപ്രായമാണ്. വിനോദ പരിപാടികൾക്കു കൂടുതൽ നിയന്ത്രണം ആലോചിക്കുന്നുണ്ട്.

ആരാധനാലയങ്ങളിലും കൂടുതൽ നിയന്ത്രണം വന്നേക്കും. വോട്ടെണ്ണലിനു ശേഷം ആഘോഷങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളുണ്ടാകും. തീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം കണ്ടെത്തിയ മേഖലകളിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ഇക്കാര്യങ്ങളിലെ അന്തിമ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.

By Divya