Thu. Dec 19th, 2024
കോഴിക്കോട്:

സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം വൈകുന്നതിലെ പ്രതിസന്ധി തുടരുന്നു. കോഴിക്കോട് ജില്ലയില്‍ പതിനയ്യായിരം ആര്‍ടിപിസിആര്‍ ഫലങ്ങളാണ് പുറത്തുവരാനുളളത്. അയ്യായിരത്തോളം സാംപിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുളള കോഴിക്കോട്ട് എണ്ണായിരത്തിലേറെ പിസിആര്‍ സാംപിളുകളാണ് ഓരോ ദിവസവും എത്തുന്നത്.

കോഴിക്കോട് ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കായി നാല് മെഗാ ക്യാമ്പുകളാണ് നടത്തിയത്. ഓരോ ക്യാംപിലും 20000 ലേറെ സാമ്പിളുകള്‍ ശേഖരിച്ചു. മെഗാ ക്യാംപിൽ 40 ശതമാനത്തോളമാണ് പിസിആർ പരിശോധന. അതായത് 20000 സാമ്പിളെടുത്താൽ 8000 സാമ്പിളുകൾ പിസിആർ പരിശോധനക്കെത്തും.

ജില്ലയുടെ പരമാവധി ശേഷിയനുസരിച്ച് പരിശോധിച്ചാലും ദിവസവും 3000ത്തിലധികം സാമ്പിളുകൾ ബാക്കിയാകും. മെഗാ ക്യാംപുകളില്‍പെടാത്ത മറ്റ് സാമ്പിളുകൾ വേറെയുമെത്തും. ചുരുക്കി പറഞ്ഞാൽ പരിശോധന ഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

രോഗലക്ഷങ്ങണങ്ങളുളളവര്‍ ഉള്‍പ്പെടെ സ്വതന്ത്രമായി സമൂഹത്തിലിറങ്ങാന്‍ പരിശോധന ഫലം വൈകുന്നത് കാരണമാകുന്നുണ്ട്. കോഴിക്കോട് റീജിയണൽ ലാബിൽ ശനിയാഴ്ച വരെ പരിശോധിക്കാന്‍ അവശേഷിക്കുന്നത് 8000 സാംമ്പിളുകളാണ്. ലാബിന്‍റെ ശേഷിയനുസരിച്ച് ഈ സാമ്പിളുകൾ പരിശോധിച്ച് തീർക്കാൻ 4 ദിവസമെടുക്കും.

ഉടനടി ഫലം കിട്ടുമെന്നതിനാല്‍ ആന്‍റിജൻ പരിശോധനയില്‍ ഈ പ്രതിസന്ധിയില്ല. അതിനാല്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാകും വരെ ആന്‍റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

By Divya