Thu. Jan 23rd, 2025
ന്യൂദല്‍ഹി:

അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥനാക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്‌ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് വികാസ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 മാര്‍ച്ചില്‍ അയോധ്യാ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി ഒരു മധ്യസ്ഥ പാനലിനെ നിയോഗിച്ചിരുന്നു. ഇതില്‍ ഷാരൂഖിനെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ബോബ്‌ഡെയുടെ താല്‍പ്പര്യം.

‘അയോധ്യാകേസില്‍ വാദം കേള്‍ക്കലിന്റെ തുടക്കസമയമായിരുന്നു അത്. മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ (ബോബ്‌ഡെയുടെ) കണക്കുകൂട്ടല്‍. ഷാരൂഖ് കമ്മിറ്റിയുടെ ഭാഗമാകുമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഷാരൂഖിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹവും ഒരുക്കമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ മധ്യസ്ഥശ്രമം നടന്നില്ല’, വികാസ് സിംഗ് പറഞ്ഞു.

അയോധ്യാകേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ബോബ്‌ഡെയും അംഗമായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജ് എഫ്എംഐ കാലിഫുല്ല, ആത്മീയനേതാവ് ശ്രീ ശ്രീരവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥപാനലിലെ അംഗങ്ങള്‍.

By Divya