Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്. ജസ്റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എൻ വി രമണയാണ് രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ്.

രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എൻ വി രമണയുടെ സത്യപ്രതിജ്ഞ. ആറ് മിനുട്ട് മാത്രം നീണ്ടുനിന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

എസ് എ ബോബ്ഡെ വിരമിച്ച ഒഴിവിലേക്കാണ് രമണയുടെ നിയമനം. ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എന്‍ വി രമണ. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെയാണ് രമണയുടെ ജുഡീഷ്യല്‍ സര്‍വീസ് കാലാവധി.

By Divya