ന്യൂഡൽഹി:
രണ്ടാംതരംഗത്തിൽ കൊവിഡ് വ്യാപനം ശക്തമായതോടെ രോഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധന. കൊവിഡ് പരിശോധനക്ക് വിധേയരാകുന്ന കുട്ടികൾ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ വർദ്ധനവുണ്ടെന്ന് ഡൽഹി-എൻസിആറിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
നവജാത ശിശുക്കളും കുട്ടികളുമാണ് കൊവിഡ് പോസിറ്റീവാകുന്നവരിൽ ഏറെയും. മിക്ക നവജാത ശിശുക്കളും അതിനെ അതിജീവിക്കുന്നുണ്ടെങ്കിലും 5 നും 12 നും ഇടയിലുള്ള കുട്ടികൾ അപകടസാധ്യതയിലേക്ക് പോകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പോസിറ്റീവായ കുട്ടിക്കൊപ്പം അമ്മമാരും പോകുന്നതും, പോസിറ്റീവായ അമ്മമാർക്കൊപ്പം കുട്ടികൾക്കും നിൽക്കേണ്ടി വരുന്നതും അപകടം വരുത്തിവെക്കുന്നുവെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.
ദില്ലിയിലെ മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 50 കുട്ടികളാണ് ശിശുരോഗ കേസുകളുമായി ആശുപത്രയിലെത്തിയത്. കൊവിഡ് സെന്‍ററിൽ സൗകര്യം ഒരുക്കിയത് കൊണ്ടുമാത്രമാണ് അവർക്ക് ചികിത്സ നൽകാൻ കഴിഞ്ഞത്.