Mon. Dec 23rd, 2024
തിരുവനന്തപുരം:

സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പിടി മാത്യുവിനെതിരെ കേസ്. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്റെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സോണി സെബാസ്റ്റിയനെതിരെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് മോശമായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ജോണ്‍ ജോസഫ് എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് വ്യാജ പ്രചരണം നടത്തിയത്.

എന്നാല്‍ ഈ ഫേസ്ബുക്ക് ഐഡിക്കായി ഉപയോഗിച്ചത് പിടി മാത്യൂവിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ആണെന്ന് കഴിഞ്ഞ ദിവസം സൈബര്‍ സെല്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ആലക്കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഴിമതി വീരന്‍ സോണി സെബാസ്റ്റിയന്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയായി വരണോ എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. കൊപ്ര സംഭരണ അഴിമതിക്കേസിന്റെ നടപടികള്‍ തുടരുന്നതിനാല്‍ സോണി സെബാസ്റ്റിയന്‍ സ്ഥാനാര്‍ത്ഥിയായി വരേണ്ടതുണ്ടോ എന്നും പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പോസ്റ്റുകള്‍ സോണി സെബാസ്റ്റിയനെതിരെ ഈ വ്യാജ പ്രൊഫൈലില്‍ നിന്ന് വന്നിരുന്നു.

By Divya