കോഴിക്കോട്:
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസിൽ സരിത നായർ റിമാൻഡിൽ. ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കണ്ണൂർ ജയിലിലേക്ക് സരിതയെ കൊണ്ടുപോകും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള സരിത ആവശ്യം കോടതി അംഗീകരിച്ചില്ല.
രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് സരിത നായരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് കേസിൽ നേരത്തെ വിധി പറയാൻ നിശ്ചയിച്ചെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടർന്ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതി വിധി ഏപ്രിൽ 27ലേക്ക് മാറ്റുകയായിരുന്നു. വിധി ദിവസം ഹാജരാവത്തതിനെ തുടർന്ന് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.
മാത്രമല്ല സരിതയെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ ജില്ല പൊലീസ് മേധാവി എ വി ജോർജിനോട് നിർദ്ദേശിക്കുകയും ചെയ്തു. കസബ സി ഐ മുഖേന അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടർന്നാണ് നേരിട്ട് അറസ്റ്റ് ചെയ്തത്.