ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജികൾ സംബന്ധിച്ച വാദം ഇന്ന് ദില്ലി ഹൈക്കോടതി പുനരാരംഭിച്ചു. സരോജ് ഹോസ്പിറ്റലും ശാന്തി മുകുന്ദ് ഹോസ്പിറ്റലും ഉടൻ ഓക്സിജൻ തീരുമെന്ന് ദില്ലി സർക്കാരിനുവേണ്ടി അഭിഭാഷകൻ രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു. യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ഓക്സിജൻ വിതരണം നിർത്തിവച്ചെന്നും ഓക്സിജൻ സ്ഥാപനമായ ഐനോക്സുമായി ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐനോക്സ് ദില്ലിയിലേക്കുള്ള ഓക്സിജൻ വിതരണം തുടരണമെന്നും പാനിപട്ട് പ്ലാന്റ് ഹരിയാനയിലേക്ക് വിതരണം ചെയ്യണമെന്നും ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചു. കൂടാതെ കേന്ദ്രത്തോടായി “നിങ്ങളുടെ ഓക്സിജന്റെ വിഹിതം ചില സംസ്ഥാനങ്ങൾ മാനിക്കുന്നില്ല; അത് അടിയന്തിരമായി പരിഹരിക്കുക.” എന്നും പറഞ്ഞു.
അതേസമയം ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തുന്നവർ നടപടി നേരിടേണ്ടിവരുമെന്നും ഓക്സിജൻ വിതരണക്കാരനും ഓക്സിജൻ വഹിക്കുന്ന വാഹനത്തിനും നിയന്ത്രണങ്ങളൊന്നും ഉണ്ടാകരുതെന്നും ഓക്സിജൻ വഹിക്കാൻ സ്വതന്ത്രമായി സംസ്ഥാനങ്ങൾ അനുവദിക്കണമെന്നും കേന്ദ്രം ഉത്തരവിട്ടതായി സോളിസിറ്റർ ജനറൽ മേത്ത ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
ഓക്സിജൻ ക്ഷാമത്തെ സംബന്ധിച്ച് ഇന്നലെ ദില്ലി ഹൈക്കോടതി നടത്തിയ അടിയന്തര ഹിയറിംഗിൽ കേന്ദ്ര സർക്കാരിനോട് ഏത് വിധത്തിലും ഡൽഹിയിലേക്ക് മെഡിക്കൽ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു.
കടുത്ത ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി മാക്സ് ഹെൽത്ത് കെയർ സമർപ്പിച്ച അടിയന്തര അപേക്ഷയ്ക്ക് ശേഷമാണ് ഉത്തരവ്. നിലവിൽ മൂന്ന് മണിക്കൂർ ഓക്സിജൻ മാത്രമേ ഉള്ളൂവെന്നും ഓക്സിജൻ തീർന്നുപോയാൽ 400 രോഗികളുടെ ജീവൻ അപകടത്തിലാണെന്നും അതിൽ 262 പേർ കോവിഡ് രോഗികളാണെന്നും മാക്സ് കോടതിയെ അറിയിച്ചിരുന്നു. മാക്സ് ഹോസ്പിറ്റലുകൾക്ക് ശേഷം അടിയന്തിരമായി ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രോഹിണി ഹോസ്പിറ്റലും സരോജ് ഹോസ്പിറ്റലും ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.