Wed. Jan 22nd, 2025
ചെന്നൈ:

ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ഓർമകളുടെ ഒരു കടലിരമ്പമുണ്ട്. 38 വർഷത്തെ സൗഹൃദത്തിന്റെ കഥയുണ്ട്. ഫോട്ടോ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചയാൾ പക്ഷേ, ഇനിയൊരിക്കലും വശങ്ങൾ ദ്രവിച്ചു തുടങ്ങിയ ഈ ചിത്രം കാണില്ല. 1983 മധുര തല്ലക്കുളം പോസ്റ്റൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിലെ ട്രെയിനികളുടെ ചിത്രമാണിത്.

മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം വിട പറയുന്ന സമയത്തെടുത്തത്. ട്രെയിനികളിൽ ഒരാളെ തമിഴകമറിയും. കഴിഞ്ഞ ദിവസം നമ്മോടു വിടപറഞ്ഞ ചിന്ന കലൈവാനർ വിവേക്. സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഈ ഫോട്ടോയെക്കുറിച്ച് വിവേക് അന്വേഷിച്ചിരുന്നു.

എന്നാൽ, കണ്ടെത്താനായില്ല. വിവേക് മരിച്ചു മണിക്കൂറുകൾക്കു ശേഷം സുഹൃത്തുക്കളിലൊരാളായ മാധ്യമ പ്രവർത്തകൻ ജെൻറാം ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. മധുര അമേരിക്കൻ കോളജിലെ ബികോം പഠനത്തിനു ശേഷം വിവേകിനു ജോലി ലഭിച്ചതു പോസ്റ്റൽ ആൻഡ് ടെലി കമ്യുണിക്കേഷൻ വകുപ്പിലാണ്.

അദ്ദേഹമുൾപ്പെടെ  29 പേർക്കാണു ആ ബാച്ചിൽ പ്രവേശനം കിട്ടിയത്. മൂന്നു മാസം ബാച്ചിനു മധുര തല്ലക്കുളത്തെ ഓഫിസിലായിരുന്നു പരിശീലനം. ശേഷം വിവേകിനു മധുരയിലായിരുന്നു പോസ്റ്റിങ്. ജെൻറാം ചെന്നൈയിലും.

By Divya