Mon. Dec 23rd, 2024
കൊച്ചി:

എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി  വൈഗ  ദുരൂഹ സാഹചര്യത്തിൽ മരിച്ച  സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായി വിവരം. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി.

എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സനു മോഹന്റെ മൊഴി ഇങ്ങിനെ: കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു.

തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറഞ്ഞ്. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്‍റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടർന്ന് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.

എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

By Divya