പൂനെ: മറാത്തി സിനിമയിലും നാടകത്തിലും സജീവ സാന്നിധ്യമായിരുന്ന സുമിത്ര ഭാവെ (78) പൂനെയിലെ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് സുമിത്ര മരിച്ചത്.
വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു സാമൂഹ്യക്ഷേമ സംഘടനയിൽ ജോലി ചെയ്യാൻ തുടങ്ങിയ അവർ പൂനെയിലെ കാർവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അദ്ധ്യാപികയായും ജോലി ചെയ്തു.പിന്നീട് കുറച്ചുകാലം ന്യൂസ് റീഡറായി ജോലി ചെയ്തതിനുശേഷം 1985-ൽ സുമിത്ര ഭാവേ തന്റെ ആദ്യ ഹ്രസ്വചിത്രം ബായി നിർമ്മിച്ചു. ചേരിയിൽ താമസിക്കുന്ന ഒരു സ്ത്രീയും എല്ലാ പ്രതിബന്ധങ്ങൾക്കെതിരെയും അവളുടെ അതിജീവനത്തെക്കുറിച്ചും ആയിരുന്നു അത്. നിരവധി ദേശീയ അവാർഡുകൾ ഈ ചിത്രം നേടി.
1995 ൽ സുമിത്ര ഭാവേയും സുക്തങ്കറും ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ഡോഗിയിലൂടെ ചലച്ചിത്ര സംവിധാനത്തിലേക്ക് കാൽവെപ്പ് നടത്തി. ദേവ്രായ് (2004), ഘോമാല അസല ഹവ, ഹ ഭാരത് മസ, അസ്തു, സംഹിത, വാസ്തുപുരുഷ്, ദഹവി ഫാ, കാസവ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ സുമിത്ര ഭാവേ നേടിയിട്ടുണ്ട്.