Sat. Apr 27th, 2024

തിരുവനന്തപുരം: കൊവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നതിനാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ കഴിഞ്ഞു 1, 27, 28, 29 എന്നീ തീയതികളിലാണ് ഇനി എസ്എസ്എല്‍സി പരീക്ഷ ഉള്ളത്. നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ചൊവ്വാഴ്ചയും 22, 24, 26 തീയതികളിലായി വിവിധ ബ്രാഞ്ചുകളിലെ പ്ലസ് ടു പരീക്ഷയും നടക്കുന്നു. നാല് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പേരാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്.

പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. സ്കൂളുകളില്‍ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നെന്നും ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ച് കോവിഡ് സുരക്ഷ ക്രമീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സിക്ക് ഇനി നാലു പരീക്ഷകളും പ്ലസ് ടു വിന് വിവിധ ബ്രാഞ്ചുകളിലായി നാലു ദിവസത്തെ പരീക്ഷകളുമാണ് അവശേഷിക്കുന്നത്.