Mon. Dec 23rd, 2024
തൃശൂര്‍:

പൂരം കാണാന്‍ വരുന്നവര്‍ രണ്ടു ഡോസ് വാക്സീന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഒറ്റ ഡോസ് മതിയെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടു ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക്സീന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം മാറ്റിയത് പൂരംസംഘാടകര്‍ക്ക് തിരിച്ചടിയായി. നിലവില്‍ പാസ് വിതരണം ചെയ്തിരുന്നത് ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കായിരുന്നു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂരം നടത്തിപ്പ് ആലോചിക്കാന്‍ ദേവസ്വങ്ങള്‍ ഉടനെ യോഗം ചേരും.

ഇതിനിടെ, പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വനംവകുപ്പ് കൊണ്ടുവന്നു. കൊവിഡ് പരിശോധനയില്‍ പാപ്പാന്‍മാരില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവായാല്‍ ആനയേയും പൂരത്തില്‍ നിന്ന് ഒഴിവാക്കും. തൃശൂര്‍ പൂരം നി‌ഷേധിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് കയ്യില്‍ കരുതിയാല്‍ മാത്രമേ സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങു വരെ കാണാന്‍ കഴിയൂ.

By Divya