Thu. Jan 23rd, 2025
തിരുവനന്തപുരം:

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപണം ഉയരുമ്പോഴും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മിക്കവാറും എല്ലാ പ്രധാന വിഷയങ്ങളിലും മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റ് ഇടാറുണ്ട്. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുമ്പോഴും ഇതു തുടർന്നിരുന്നു.

മറ്റു പ്രധാന കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കുന്നതാണു പതിവ്. എന്നാൽ, വിവാദ വിഷയത്തിൽ ഇന്നലെ വൈകിട്ടുവരെ നിലപാട് വിശദീകരിക്കാൻ തയാറായിട്ടില്ല. മന്ത്രി കെകെശൈലജയും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയെ ന്യായീകരിച്ചു.

ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തു. പ്രോട്ടോക്കോൾ ലംഘനത്തിനു മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

പകർച്ചവ്യാധി നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചു പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർഷഹിൻ ആണു മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

By Divya