വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും കൃത്യമായ രേഖകളുണ്ടെന്നും അവ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനു ശേഷം കെ എം ഷാജി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 47 ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് കണ്ടെടുത്തിരുന്നത്. അതിനെ സംബന്ധിച്ചുള്ള ചോദ്യംചെയ്യലിനായാണ് വിജിലൻസിന് മുന്നിൽ ഷാജി ഇന്ന് ഹാജരായത്.
അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. ക്ലോസറ്റിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലർ പ്രചരിപ്പിച്ചു. ക്ലോസറ്റിൽ നിന്നോ ടിവിയിൽ നിന്നോ അല്ല പണം കണ്ടെത്തിയത്. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ് പണം കണ്ടെത്തിയതെന്നും ഷാജി പറഞ്ഞു.
വിലപ്പെട്ട രേഖകളും വിദേശ കറൻസികളും സ്വർണവും കണ്ടെടുത്തെന്നുള്ളത് കുപ്രചാരണങ്ങളാണെന്നും കുട്ടികളുടെ ശേഖരമായ വിദേശ റൺസി ആണ് കണ്ടെടുത്തതെന്നും. അത് അപ്പോൾ തന്നെ വിജിലൻസ് തിരിച്ചേൽപ്പിച്ചെന്നും ഷാജി പറഞ്ഞു.
വീണ്ടും ചോദ്യം ചെയ്യാൻ നിലവിൽ വിളിപ്പിച്ചിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം രേഖകൾ കാണിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നുമാണ് പറഞ്ഞത്. “തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ട്. അത് കൃത്യമായി ഹാജരാക്കും. മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഹാജരാക്കിയിട്ടുണ്ട്. ഇതടക്കം പ്രാഥമിക രേഖകൾ ഇന്ന് വിജിലൻസിന് നൽകി. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും”
2011-2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയിൽനിന്ന് ചോദിച്ചറിഞ്ഞത്.