തിരുവനന്തപുരം:
കെ ടി ജലീലിൻ്റെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ലോകായുക്തയുടെ നിലപാട് ഏകപക്ഷീയമാണ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഇടപെടലിന് എതിരെയും ഐഎന്‍എല്‍ നേതാവ് പ്രതികരിച്ചു.
ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ച് നീതിപീഠവുമായി ബന്ധപ്പെട്ട് മുന്‍പേ ആക്ഷേപങ്ങളുള്ളതാണ്. അഭയാ കേസും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ കെ അബ്ദുള്‍ അസീസിന്റെ പ്രതികരണം ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു. ലോകായുക്ത സെക്ഷന്‍ 9 പ്രകാരം നടപടി ക്രമങ്ങള്‍ പാലിച്ചില്ല.
കെ ടി ജലീലിനെ കോടതി കേട്ടില്ല. 25ാം തിയതി പ്രിലിമിനറി എന്‍ക്വയറി വേണോ വേണ്ടേ എന്നതായിരുന്നു ചര്‍ച്ച. ജലീലിനെ കേസ് അഡ്മിഷന്‍ എടുത്ത കാര്യം അറിയിച്ചിരുന്നില്ലെന്നും അബ്ദുള്‍ അസീസ്. മന്ത്രിയുടെ വകുപ്പിലെ അഭിഭാഷകനെ ലോകായുക്ത കേട്ടത് അപൂര്‍ണമായാണ്.
ആത്യന്തിക വിധി വരുമെന്ന് കെ ടി ജലീല്‍ അടക്കം പ്രതീക്ഷിച്ചില്ലെന്നും എന്‍ കെ അബ്ദുള്‍ അസീസ് പറഞ്ഞു.
ബന്ധുവായ കെ ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ ടി ജലീലിന് രാജിവയ്ക്കേണ്ടി വന്നു.