Fri. Nov 22nd, 2024
ISRO spy case conspiracy to be investigated by CBI

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.

റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജയിന്‍ സമിതിയുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നമ്പി നാരായണനും കൈമാറില്ല.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചത്. മുദ്രവച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

2018 സെപ്റ്റംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14,15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.