ദില്ലി: കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാൾ പ്രഖ്യാപിച്ചു.
വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാൽ അവശ്യ സർവ്വീസുകൾക്ക് തടസമുണ്ടാകില്ല. ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യായിരത്തിലധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അറിയിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞതോടെ ചികിത്സ കിട്ടാതെ രോഗികൾ മരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരണനിരക്ക് ഉയർന്നതോടെ ശ്മശാനങ്ങളും നിറയുകയാണ്. കൊവിഡ് മരണത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്നും പ്രായമുള്ള ആളുകൾ മരിക്കുമെന്നുമുള്ള പ്രസ്താവനയുമായി മധ്യപ്രദേശിലെ മന്ത്രി രംഗത്തെത്തി.
ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ബിഹാര്‍ ഭഗല്‍പൂരിലെ ആശുപത്രി കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ തല്ലി തകര്‍ത്തു. ഇതിനിടെ മഹാരാഷ്ട്രയിലെ ഓസ്മാനബാദിലും ഉത്തർപ്രദേശിലെ ലക്നൌവിലും മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. മരണനിരക്ക് ഉയരുന്ന മദ്യപ്രദേശില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നതിനിടെയാണ് പ്രായം ചെന്നവർ മരിക്കുമെന്ന് വലിയ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞത്.