Thu. Jan 23rd, 2025
തിരുവനന്തപുരം:

നഗരസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്ലാർക്ക് യുആർ രാഹുൽ, ഫീൽഡ് പ്രമോട്ടർ സംഗീത എന്നിവർക്ക് പുറമെ മറ്റ് ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് പൊലീസിനുള്ള വിവരം. പ്രധാന പ്രതി രാഹുൽ ഇപ്പോഴും ഒളിവിലാണ്.

പട്ടികജാതി വിഭാഗക്കാർക്കുള്ള ക്ഷേമപദ്ധതികളിൽ നിന്ന് 74 ലക്ഷം രൂപയായിരുന്നു പ്രതികൾ തട്ടിയെടുത്തത്. പദ്ധതി ഗുണഭോക്താക്കളിൽ ചിലർ പണം ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്ന പരാതിയുമായി കോർപറേഷനെ സമീപിച്ചതോടെയായിരുന്നു തട്ടിപ്പ് പുറത്ത് വന്നത്. യഥാർത്ഥ ബാങ്ക് അക്കൗണ്ട് വിവരത്തിന് പകരം രാഹുലിന്റെ സുഹൃത്തുക്കളുടെ ബാങ്ക് വിവരങ്ങളായിരുന്നു ട്രഷറിയിലേക്ക് നൽകിയത്.

ഇത്തരത്തിൽ പണം എത്തിയ ഒൻപത് ബാങ്ക് അക്കൗണ്ട് ഉടമകളേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രാഹുലിനും ഫീൽഡ് പ്രമോട്ടർ സംഗീതക്കും പുറമെ മറ്റൊരു ഫീൽഡ് ഓഫീസർക്കും ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് മ്യൂസിയം പൊലീസ് നൽകുന്ന സൂചന.

യഥാർത്ഥ ഗുണഭോക്താക്കളുടെ വിവരങ്ങൾ തന്നെയാണോ ട്രഷറിയിലേക്ക് നൽകുന്നത് എന്നത് പരിശോധിച്ച് ഉറപ്പാക്കുന്നതിൽ മേൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പട്ടിക ക്ഷേമ വകുപ്പും പരിശോധിക്കുന്നുണ്ട്. കാട്ടാക്കട സ്വദേശിയായ യു ആർ രാഹുൽ മൂന്ന് വർഷം കോർപറേഷനിലെ പട്ടിക ക്ഷേമ വകുപ്പിൽ ക്ലാർക്കായി ജോലി ചെയ്തിരുന്നു.

രണ്ട് മാസം മുൻപാണ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറിയത്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ സസ്പന്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രാഹുലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കണ്ടെത്താൻ ആയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

By Divya