Thu. Jan 23rd, 2025
ദുബായ്:

ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത (ഓട്ടോണമസ്) ടാക്സികളിൽ 2023ൽ യാത്ര ചെയ്യാം. 2030 ആകുമ്പോഴേക്കും 4,000 വാഹനങ്ങൾ. അതായത് ദുബായിലെ വാഹനങ്ങളിൽ 25% ഓട്ടോണമസ് ആകും. ഇതുസംബന്ധിച്ചുള്ള സുപ്രധാന കരാറിൽ യുഎസ് കമ്പനിയായ ക്രൂസും ആർടിഎയും ഒപ്പുവച്ചു. യുഎസിനു വെളിയിൽ ക്രൂസ് സ്വയം നിയന്ത്രിത വാഹനങ്ങൾ സർവീസ് നടത്തുന്ന ആദ്യ നഗരമാകും ദുബായ്.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ക്രൂസ് ലീഗൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജെഫ് പെലെഷ്, ആർടിഎ ചെയർമാൻ മത്തർ അൽ തായർ എന്നിവരാണ് ഒപ്പുവച്ചത്.

സ്വയംനിയന്ത്രിത വാഹനങ്ങളിലൂടെ ഗതാഗതമേഖലയിൽ വിപ്ലവത്തിന് വഴിയൊരുങ്ങുമെന്ന് മത്തർ അൽ തായർ പറഞ്ഞു. ദുബായിൽ നിലവിൽ ഓട്ടോണമസ് വാഹനങ്ങൾ പരീക്ഷണയോട്ടം നടത്തുന്നുണ്ട്. വിവിധ രാജ്യാന്തര കമ്പനികളുമായി സഹകരിച്ചാണിത്.

By Divya