Fri. Nov 22nd, 2024
തിരുവനന്തപുരം:

ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീൽ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. അതിനു കാത്തിരിക്കാതെ ഒഴിയുന്നുവെന്ന് ഇന്നലെ രാവിലെ മന്ത്രി കെ ടി ജലീൽ പാ‍ർട്ടിയെ അറിയിച്ചു.
മന്ത്രിസ്ഥാനത്തു ജലീൽ തുടരാൻ പാടില്ലെന്ന പ്രഖ്യാപനമാണ് ലോകായുക്ത വിധിയായി വന്നത്. ഇത് അസാധാരണവും അപൂർവമായി കണ്ടു ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം വിനിയോഗിക്കണമെന്നതിൽ സിപിഎമ്മിനു വിയോജിപ്പ് ഉണ്ടായില്ല.

എന്നാൽ, കോടതി തീരുമാനം എന്തായാലും രാജിയാണ് ഉചിതം എന്ന അഭിപ്രായം പാർട്ടിയിൽ രൂപപ്പെട്ടു. അതു ജലീലിനെ അറിയിക്കുകയും ചെയ്തു. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനായി 2 ദിവസം മുൻപാണ് ഉത്തരവിന്റെ വിശദാംശങ്ങൾ മന്ത്രി പരിശോധിച്ചത്. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷ അഭിഭാഷകർ പ്രകടിപ്പിച്ചു. പക്ഷേ, ജലീലിന് ആശങ്ക ഉണ്ടായി.

സ്റ്റേ ലഭിച്ചില്ലെങ്കിൽ ‘നിൽക്കക്കള്ളിയില്ലാതെ രാജി’ എന്ന സ്ഥിതിയാകും. അതോടെ ഹർജി ഫയൽ ചെയ്യുക എന്ന സാങ്കേതികത്വം പൂർത്തിയാക്കിയ ശേഷം സ്ഥാനത്യാഗം എന്നതിലേക്കു മന്ത്രിക്ക് എത്തേണ്ടി വന്നു.
മുഖ്യമന്ത്രി കൊവിഡ് ചികിത്സയിലായതിനാൽ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ജലീലുമായി സമ്പർക്കം പുലർത്തിയിരുന്നത്.

രാവിലെ അദ്ദേഹവുമായി ചർച്ച ചെയ്താണു രാജി തീരുമാനത്തിലെത്തിയത്. പാർട്ടി തീരുമാനപ്രകാരം നീങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെയും നിർദേശം. തുടർന്നു ജലീൽ രാജിക്കത്ത് കൈമാറി. നേരത്തേ ഹൈക്കോടതിയിലും ഗവർണർ മുൻപാകെയും കേസ് വന്നപ്പോൾ പുലർത്തിയ ജാഗ്രത ലോകായുക്തയുടെ കാര്യത്തിൽ ജലീലിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദമുഖങ്ങളാണു കേസ് ഇത്രയും നീട്ടാൻ കാരണമായത് എന്നാണു പാർട്ടി വിലയിരുത്തൽ. അല്ലെങ്കിൽ ഒരുപക്ഷേ തിര‍ഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ തന്നെ ബോംബ് പോലെ വിധി വരുമായിരുന്നു.

By Divya