Mon. Dec 23rd, 2024
കൊച്ചി:

ശ്യാം പുഷ്‌ക്കരന്റേയും ദിലീഷ് പോത്തന്റേയും ഇതിനകം തെളിയിക്കപ്പെട്ട പ്രതിഭ വെച്ച് നോക്കുമ്പോള്‍ കലാപരമായി രണ്ടാംകിടയും അതിലേറെ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ജോജി എന്ന ചിത്രമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍. ജോജി എന്തുകൊണ്ട് നിരാശപ്പെടുത്തുന്നു എന്ന കുറിപ്പിലാണ് ചിത്രത്തോടുള്ള തന്റെ വിമര്‍ശനം അദ്ദേഹം തുറന്നെഴുതിയത്.

ഷേക്‌സ്പിയറുടെ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണിതിന്റെ കഥ എന്ന് ആദ്യം തന്നെ ചിത്രം എഴുതിക്കാണിക്കുന്നുണ്ടെന്നും പക്ഷെ ചിത്രം കാണുമ്പോള്‍ അവസരത്തിലും അനവസരത്തിലും ഒരു ഷേക്‌സ്പിയര്‍ വാചകം തട്ടിവിടുന്ന പോലെ തൊലിപ്പുറത്ത് മാത്രമാണ് മാക്‌ബെത്ത് സ്പര്‍ശം എന്ന് മനസ്സിലാകുമെന്നും അല്ലെങ്കില്‍ ആഗോളശ്രദ്ധ പിടിക്കാനൊരു തന്ത്രം മാത്രമായിരിക്കാം ഇതെന്നും എംജി രാധാകൃഷ്ണന്‍ പറയുന്നു.

‘മൂന്നര ദശാബ്ദം മുമ്പ് വന്ന കെജി ജോര്‍ജ്ജിന്റെ ഉജ്വലമായ ‘ഇരകളുടെ’ വളരെ മോശമായ അനുകരണശ്രമമാണ് ഈ സിനിമ എന്നത് പകല്‍ പോലെ വ്യക്തം. മറക്കാന്‍ മാത്രം അത്ര പഴയതൊന്നുമല്ലാത്ത മലയാളത്തിലെ ക്ലാസ്സിക് ആണ് ഇരകള്‍ (1985). ആ ചിത്രവുമായുള്ള ‘ജോജി’യുടെ സാമ്യം മലയാളസിനിമ പരിചയമുള്ള എല്ലാവരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

എന്നിട്ടും എന്തുകൊണ്ട് ആരും അതിനു ജോജിയുടെ സൃഷ്ടാക്കളില്‍ നിന്ന് മതിയായ വിശദീകരണം തേടുന്നില്ല? മാത്രമല്ല ഈ സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെ ജോജിയെ അടിമുടി പുകഴ്ത്താന്‍ പലരും വെമ്പുന്നത് വിചിത്രമാണ്.
ഷേക്‌സ്പിയറില്‍ നിന്നുള്ള പ്രചോദനം അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ശ്യാമും ദിലീഷും ഫഹദും വാര്‍ദ്ധക്യത്തിലും അനാരോഗ്യത്തിലും ഏകാന്തതയിലും ജീവിതം തള്ളിനീക്കുന്ന ജോര്‍ജിനോട് എന്തുകൊണ്ട് അതു ചെയ്യുന്നില്ല? മാത്രമല്ല സാദൃശ്യങ്ങളെക്കുറിച്ച് ആരെങ്കിലും അങ്ങോട്ട് ചോദിക്കുന്നതുവരെ മൂന്നു പേരും നിശബ്ദത പാലിക്കുന്നത് അമ്പരപ്പിക്കുന്നതാണ്.

ദിലീഷുമായുള്ള ഒരു അഭിമുഖത്തില്‍ ഇക്കാര്യം ഉന്നയിച്ച ചോദ്യകര്‍ത്താവിനോട് അദ്ദേഹം പറയുന്ന നിഷ്‌കളങ്കമായ മറുപടി രസകരമാണ്. ‘ചില സാദൃശ്യങ്ങള്‍ സമ്മതിക്കുന്നു. കഥാതന്തുവിലും കഥാപാത്രങ്ങളിലുമൊക്കെ കാണാം. ഇരകളുടെ താരതമ്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേ ഉള്ളൂ. ആ ചിത്രം പോലെ മഹത്തായ സിനിമയാണ് ഞങ്ങളുടേതെന്ന് തോന്നുന്നുമില്ല..’

ഇക്കാര്യം ആരാഞ്ഞ മറ്റൊരു അഭിമുഖത്തില്‍ ശ്യാം തിരിച്ചു ചോദിച്ചത് രണ്ടിലും റബര്‍ തോട്ടമുണ്ടെന്നതുകൊണ്ട് രണ്ടും ഒന്നാണെന്നാണോ എന്നായിരുന്നു. സാദൃശ്യങ്ങള്‍ റബര്‍ തോട്ടത്തിലൊതുങ്ങുമോ’, എംജി രാധാകൃഷ്ണന്‍ കുറിപ്പില്‍ ചോദിക്കുന്നു.

By Divya