തിരുവനന്തപുരം:
സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. തിരഞ്ഞെടുപ്പു ചുമതലകളിൽ വീഴ്ച വരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണം. ഇതിനായി കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണം. പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പു ചുമതലക്കാരാക്കി എന്ന ആക്ഷേപമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പു കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണു സംഘടനാതലത്തിൽ തിരുത്തൽ വേണമെന്നു സുധാകരൻ തുറന്നടിച്ചത്. ആജ്ഞാശക്തിയുള്ള നേതാക്കൾ നേതൃത്വത്തിൽ ഇല്ലാത്തതാണു പാർട്ടിയുടെ പോരായ്മയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ കഴിവുള്ളവരെ കണ്ടെത്തി പരിശീലനം നൽകണം. സംഘടനാ തിരഞ്ഞെടുപ്പു തിരികെ കൊണ്ടുവന്നെങ്കിൽ മാത്രമേ പാർട്ടിയിൽ ജനാധിപത്യമുണ്ടാകൂ.
യുഡിഎഫിന്റെ പ്രചാരണത്തിൽ പോരായ്മ ഉണ്ടായി. മലബാറിൽ കുഞ്ഞാലിക്കുട്ടിയൊഴികെ മറ്റു ലീഗ് നേതാക്കളാരും വന്നില്ല. ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നവർ പ്രചാരണ രംഗത്തില്ലായിരുന്നു.
രാഹുൽ ഗാന്ധിയുടെ വരവു മാത്രമാണ് അവസാന നിമിഷമെങ്കിലും യുഡിഎഫിനു മേൽക്കൈ നേടിക്കൊടുത്തത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ ആക്രിക്കടയിൽ വിറ്റ സംഭവം പ്രചാരണത്തിലെ ഗുരുതര വീഴ്ചയാണ്. കുറ്റക്കാർ പിന്നെ പാർട്ടിയിൽ ഉണ്ടാകരുത്.
രാഷ്ട്രീയകാര്യ സമിതിയിൽ വിഷയം ഉന്നയിക്കും. ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിലും ബന്ധവും അടുപ്പവും ഘടകമായിട്ടുണ്ട്. പ്രചാരണം തീരുന്നതിന് ഒരാഴ്ച മുൻപു വരെ യുഡിഎഫിനു ഭൂരിപക്ഷം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ 75 സീറ്റിനു മുകളിൽ നേടി അധികാരത്തിൽ വരുമെന്നും സുധാകരൻ പറഞ്ഞു.