മസ്കറ്റ്:
കഴിഞ്ഞവർഷം ഒമാനിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരുടെ എണ്ണം 77ശതമാനം കുറഞ്ഞതായി കണക്ക്. രാജ്യത്തെ മസ്കത്ത്, സലാല, സുഹാർ, ദുകം എന്നീ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് വമ്പിച്ച കുറവ് രേഖപ്പെടുത്തിയത്. 2020 ജനുവരി വരെയുള്ള കണക്കുപ്രകാരം 15 ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോയപ്പോൾ 2021 ജനുവരിവരെയുള്ള വർഷം മൂന്നര ലക്ഷം യാത്രക്കാർ മാത്രമേ ഉണ്ടായുള്ളൂ.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ്, ഇൻഫർമേഷൻ കേന്ദ്രം പുറത്തുവിട്ട പ്രാഥമിക വിവരങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിമാന സർവിസുകളുടെ എണ്ണത്തിലും ഇക്കാലയളവിൽ കുറവ് രേഖപ്പെടുത്തി. യാത്രക്കാർ കൂടിയപ്പോൾ 11,316 വിമാന സർവിസുണ്ടായിരുന്നു. യാത്രക്കാർ കുറഞ്ഞ സമയത്ത് 3035 സർവിസാണുണ്ടായിരുന്നത്.
ഇന്ത്യയ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൂടുതലായും ഒമാൻ വിമാനത്താവളങ്ങളിലെത്തുന്ന വിദേശികൾ. ഇവയിൽതന്നെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. 2021ജനുവരിവരെയുള്ള വർഷത്തിൽ 8,135 ഇന്ത്യക്കാരാണ് ഒമാനിലെത്തിയത്. 260പേർ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
ഒമാനിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്നത് മസ്കത്ത് വിമാനത്താവളത്തിലും രണ്ടാമത് സലാലയിലുമാണ്. രണ്ടിടത്തും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.