ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. അഞ്ച് വാക്സീനുകള്‍ക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും.
വാക്സീൻ സ്റ്റോക്ക് വിവരം അടിയന്തരമായി അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കി. രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷം പിന്നിട്ട രോഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോള്‍ ഒന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,52,879 പേര്‍ കൂടി കൊവിഡ് ബാധിച്ചപ്പോള്‍, 839 പേര്‍ മരിച്ചു.
ഒരാഴ്ചയ്ക്കിടെ എട്ടുലക്ഷം പേര്‍ രോഗികളാകുകയും, നാലായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തതോടെ കൊവഡിന്‍റെ രണ്ടാം വരവ് വരും ദിവസങ്ങളിലും അതിരൂക്ഷമായി തുടരുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മഹാരാഷ്ട്ര, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളില്‍ വാക്സീന്‍ വിമുഖതയും പ്രകടമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. വരുന്ന നാലുദിവസം വാക്സിനേഷന്‍ നിരക്ക് പരമാവധി ഉയര്‍ത്താനാണ് ബുധനാഴ്‌ച വരെ കുത്തിവയ്പ്പ് ഉത്സവം നടത്തുന്നത്. വാക്സിനേഷന്‍ ആവശ്യമുള്ളവരെ സഹായിക്കുക, കൊവിഡ് ചികിത്സയില്‍ താങ്ങാകുക, മാസ്ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുക, കൊവിഡ് പോസിറ്റീവ് രോഗികള്‍ ഉള്ളയിടം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി മുന്‍പോട്ട് വച്ചു.