മസ്കത്ത്:
സുഹാർ തുറമുഖത്തിന് സമീപം എട്ട് നോട്ടിക്കൽ മൈൽ മേഖലയിൽ എണ്ണ ചോർന്ന് പരന്നതായി കണ്ടെത്തി. സമീപത്തെ കടൽതീരങ്ങളിലേക്ക് വ്യാപികാനുള്ള സാധ്യത മുന്നിൽകണ്ട് അധികൃതർ അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ട്. എണ്ണ ചോർച്ചയുണ്ടായ ഉറവിടം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പരിസ്തിഥി വകുപ്പ് അറിയിച്ചു.
അതേസമയം, എണ്ണ പരന്നത് കപ്പൽ ഗതാഗതത്തെ ബാധിക്കില്ലെന്ന് സുഹാർ തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കടലിൽ വലിയ ഭാഗത്ത് പരന്ന എണ്ണ തീരത്തേക്ക് പരക്കാനുള്ള സാധ്യതയടക്കാനാണ് തീവ്രശ്രമം നടക്കുന്നത്. എന്നാൽ സാങ്കേതികമായ വെല്ലുവിളികൾ ഇക്കാര്യത്തിലുണ്ടെന്ന് പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
അതിനാൽ സുഹാർ തുറമുഖത്ത് എണ്ണ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലിനീകരണം തടയാനുള്ള നടപടികൾ തുറമുഖ അധികൃതരും സ്വീകരിക്കുകയാണ്. റോയൽ ഒമാൻ പൊലീസിലെ കോസ്റ്റ് ഗാർഡ് വിഭാഗവും പ്രത്യേക മലിനീകരണ നിയന്ത്രണ വിഭാഗവും ചോർച്ചയുണ്ടായ സ്ഥലത്ത് പരിശോധന നടത്തി.
കാറ്റും തിരമാലകളും എണ്ണയെ തീരത്തേക്ക് അടുപ്പിക്കുമെന്ന ആശങ്കയാണ് അധികൃതർക്കുള്ളത്. അതിനിടെ നോർത്ത് ബതീന ബീച്ചിൽ എണ്ണ പരന്നതായി റിപ്പോർട്ടുണ്ട്.