Thu. Dec 19th, 2024
തിരുവനന്തപുരം:

മന്ത്രിയായി തുടരാൻ കെടി ജലീലിന് അർഹതയില്ലെന്ന ലോകായുക്ത വിധിയിലേക്ക് പ്രധാനമായും നയിച്ചതു ഹർജിക്കാരൻ ഹാജരാക്കിയ കത്ത്. അടുത്ത ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28നു ജലീൽ അയച്ച കത്താണിത്.

ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നാണു ജലീൽ ആവശ്യപ്പെട്ടത്. ജനറൽ മാനേജരുടെ യോഗ്യത മാർക്കറ്റിങ്, ഫിനാൻസ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത എംബിഎ ബിരുദധാരി, അല്ലെങ്കിൽ 3 വർഷം പ്രവർത്തന പരിചയത്തോടെ സിഎസ്, സിഎ, ഐസിഡബ്ല്യുഎഐ എന്നായിരുന്നു.

എംബിഎയുടെ സ്പെഷലൈസേഷനിൽ എച്ച്ആർ കൂടി ചേർക്കുക, 3 വർഷം പ്രവർത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും എന്നതുകൂടി യോഗ്യതയായി ഉൾപ്പെടുത്തുക ഇവയായിരുന്നു ജലീലിന്റെ നിർദേശങ്ങൾ. ബിടെക്കും പിജിഡിബിഎയുമാണ് അദീബിന്റെ യോഗ്യത.

ലോകായുക്ത ഉത്തരവ് പ്രത്യേക ദൂതൻ വഴി നാളെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയേക്കും. ഉത്തരവ് ലഭിച്ചാൽ മുഖ്യമന്ത്രി നടപടിയെടുക്കാതിരിക്കുകയോ ജലീൽ മന്ത്രി സ്ഥാനമൊഴിയാതിരിക്കുകയോ ചെയ്താൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ പറഞ്ഞു.

മധ്യവേനലവധി ആയതിനാൽ ഹൈക്കോടതിയിൽ ചൊവ്വാഴ്ചയും തിങ്കളാഴ്ചയും മാത്രമേ സിറ്റിങ് ഉള്ളൂ.

By Divya