പാനൂർ:
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്സിൻ പറഞ്ഞു. മൻസൂർ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. അക്രമികളുടെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത് തടയാനാണ് മൻസൂർ ശ്രമിച്ചതെന്നും മുഹ്സിൻ പറഞ്ഞു.
ബൈക്കിലിരുന്ന തന്നെ പേരു വിളിച്ച് വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തനിക്കു നേരെ വാൾ വീശുന്നതിനിടെ രക്ഷിക്കാനാണ് സഹോദരൻ വന്നത്. അതിനിടെ അവന് വെേട്ടറ്റു. ശേഷം അക്രമികൾ ബോംബെറിയുകയും ചെയ്തു.15 പേരോളമുള്ള അക്രമിസംഘമാണ് വന്നത്. ഇവരെല്ലാവരും നാട്ടിലുള്ളവർ തന്നെയാണ്. സംഘത്തിലെ മുഴുവൻ പേരേയും തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോദരനെ വെട്ടാൻ ശ്രമിച്ച ഷിനോസിനെ താൻ പിടിച്ചു വെച്ചു. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഷിനോസിനെ പൊലീസിൽ ഏൽപിച്ചത്. പൊതുവെ വളരെ സമാധാനം നിലനിൽക്കുന്ന പ്രദേശമാണ്. തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന വീറും വാശിയുമല്ലാതെ അതിൽ കൂടുതൽ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. തന്‍റെ ഓർമയിൽ ഇത്തരം ഒരു സംഭവം പ്രദേശത്ത് നടക്കുന്നത് ആദ്യമായാണെന്നും മുഹ്സിൻ പറഞ്ഞു.