കുവൈത്ത് സിറ്റി:
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന രണ്ടാം ടെർമിനൽ പരിസ്ഥിതി സൗഹൃദമാക്കും. രൂപകൽപനയിലും നടത്തിപ്പിലും പരിസ്ഥിതി സൗഹാർദ കാഴ്ചപ്പാട് പുലർത്തുന്നു. സോളാർ ഉൾപ്പെടെ പാരമ്പര്യ ഉൗർജം പരമാവധി വിനിയോഗിക്കും.
വിവിധ വസ്തുക്കളുടെ പുനരുപയോഗത്തിനും നിർമാണത്തിൽ ശ്രദ്ധ നൽകുന്നുണ്ട്. 1,83,000 ചതുരശ്ര മീറ്ററിൽ പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടരക്കോടി യാത്രക്കാരെ സ്വീകരിക്കാനാവും. 131 കോടി ദിനാര്‍ ചെലവുവരുന്ന പദ്ധതി രാജ്യത്തിെൻറ വികസന പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ്.
തുര്‍ക്കി പ്രോജക്ട് കമ്പനിയായ ലീമാക്കിൻ്റെ നേതൃത്വത്തിലാണ് നിർമാണം. ആധുനിക രീതിയിലുള്ള വിമാനത്താവളത്തിെൻറ നവീകരണത്തിന് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനർമാരായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് രൂപരേഖ തയറാക്കിയത്. 1.2 കിലോ മീറ്ററുള്ള മൂന്ന് ചിറകുകളുടെ രൂപത്തിൽ മൂന്ന് ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്.