Wed. Nov 6th, 2024
അബുദാബി:

റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. സാധാരണ ജോലി സമയത്തില്‍ നിന്ന് രണ്ടു മണിക്കൂറാണ് റമദാനില്‍ കുറയുക.

സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ റമദാനില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ദുബൈയില്‍ റമദാനില്‍ ഇശാ പ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിച്ചാല്‍ അഞ്ചു മിനിറ്റിനകം ജമാഅത്ത് നമസ്‌കാരം തുടങ്ങണമെന്ന് മതകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളും പാടില്ല. പ്രാര്‍ത്ഥനയ്ക്ക് മുമ്പും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം. ഇശാ പ്രാര്‍ത്ഥനയും തറാവീഹും ഉള്‍പ്പെടെ അരമണിക്കൂറിനകം നമസ്‌കാരം പൂര്‍ത്തിയാക്കി പള്ളികള്‍ അടയ്ക്കണം. നമസ്‌കാരത്തിനെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം.

By Divya