Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുടമയ്ക്കുമുള്ള പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം എന്റിക ലെക്‌സി കടല്‍ക്കൊല കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തുക അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നാല് കോടി രൂപ വീതവും പരുക്കേറ്റ ബോട്ടുടമയ്ക്കു രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി ഇറ്റലി നല്‍കുകയെന്നാണ് കേന്ദ്രം അറിയിച്ചത്.

മീന്‍പിടിത്ത ബോട്ടായ സെന്റ് ആന്റണിയിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലാതോറെ, സാല്‍വതോര്‍ ജിറോണ്‍ എന്നിവര്‍ക്കെതിരെ കേരള പൊലീസാണ് കേസെടുത്തത്. എന്റിക ലെക്‌സി എന്ന കപ്പലിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. 2012ലായിരുന്നു സംഭവം.

By Divya