തിരുവനന്തപുരം:
കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമ മന്ത്രാലയത്തിന്റെ നിയമോപദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21ന് മുമ്പാണ് പുറപ്പെടുവിച്ചതെന്നും കമ്മീഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിനിടെ നിലവിലെ എംഎൽഎമാർ വോട്ട് ചെയ്യുന്നത് അനുചിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാർ നൽകിയ ‘റഫറൻസ്’ മുൻനിർത്തി കേരളത്തിലെ മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നടപടിയാണ് വിവാദത്തിന് വഴിവെച്ചത്. വോട്ടെടുപ്പു തീയതി പ്രഖ്യാപിച്ചതടക്കം തിരഞ്ഞെടുപ്പു നടപടി തുടങ്ങിക്കഴിഞ്ഞ ശേഷമാണ് മുെമ്പാരിക്കലുമില്ലാത്ത ഇടപെടൽ ഉണ്ടായത്.
തിരഞ്ഞെടുപ്പു നടപടി കമ്മീഷൻ നിശ്ചയിച്ചു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നിട്ടും സർക്കാർ ഇടപെടുകയാണ് ചെയ്തത്. നിയമമന്ത്രാലയത്തിന്റെ കത്ത് കിട്ടിയെന്നല്ലാതെ, തിരഞ്ഞെടുപ്പു മാറ്റുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. രാജ്യസഭ തിരഞ്ഞെടുപ്പിന് കമ്മീഷൻ നിശ്ചയിച്ച സമയക്രമം ഒരു രാഷ്ട്രീയ പാർട്ടിയും എതിർത്തിരുന്നില്ല.