Mon. Dec 23rd, 2024
പാനൂർ (കണ്ണൂർ):

യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂറിന്റേത് (21) ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പൊലീസ്. അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ കെ ഷിനോദിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷിനോദിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. 25 പ്രതികളുള്ള കേസിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു പിന്നിൽ. മുസ്‍ലിം ലീഗ് പ്രവർത്തകനായ പി മുഹ്‍സിനെ സംഘടിച്ചെത്തി തടഞ്ഞുവച്ചു മർദിച്ചും വാളു കൊണ്ടു വെട്ടിയും ഗുരുതരമായി പരുക്കേൽപിച്ചു. തടയാനെത്തിയ അനുജൻ മൻസൂറിനെയും ആക്രമിച്ചു.

ബോംബ് എറിഞ്ഞു പരുക്കേൽപിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചോര വാർന്നു മൻസൂർ മരിച്ചു എന്നാണു റിപ്പോർട്ടിൽ ഉള്ളത്. അക്രമികൾ ഉപയോഗിച്ച മാരകായുധങ്ങളിൽ ഒന്ന് സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പാർട്ടി പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‍ ലീഗ് പ്രവർത്തകർ ചൊക്ലി സ്റ്റേഷനിലെത്തി പൊലീസ് വാഹനം ഉപരോധിച്ചു. കസ്റ്റഡിയിലുള്ള 14 പേരിൽ 4 പേരെ വിട്ടയച്ചതോടെ സംഘർഷം ഒഴിവായി. 10 പേരെ കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു.

കേസിൽ ഉൾപ്പെട്ട സിപിഎമ്മുകാരുടെ പേരുവിവരങ്ങൾ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ പൊലീസിനു നൽകിയിട്ടും കൊലപാതകം നടന്നു 40 മണിക്കൂറിനു ശേഷവും ഇവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചു.

മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു.

By Divya