Fri. Nov 22nd, 2024
തൃശൂർ:

റാ റാ റാസ്പുടിൻ എന്ന ഗാനത്തിന് ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയ നവീനിനെയും ജാനകിയേയും പിന്തുണച്ച് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ ആരംഭിച്ചു. റെസിസ്റ്റ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ വിദ്യാർഥികൾ നൃത്ത ചുവടുകളുമായി രംഗത്ത് വന്നു.

വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം #resisthate ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍- എന്ന കുറിപ്പിനൊപ്പം വിദ്യാർഥികളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്. നവീനും ജാനകിയും ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികളൊപ്പം നൃത്തം ചെയ്തു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാർഥികളുടെ നൃത്ത ചുവടുകൾ ഷെയർ ചെയ്തിരിക്കുന്നത്.

നവീനിന്റെയും ജാനകിയുടെയും പേരുകൾ ചൂണ്ടിക്കാണിച്ച് ചിലർ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണ രാജ് എന്ന വക്കീലായിരുന്നു ഇരുവർക്കുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ആദ്യം രംഗത്ത് വന്നത് . തുടർന്ന് വിഷയം വലിയ ചർച്ചയാവുകയും പ്രമുഖർ അടക്കം നവീനിനെയും ജാനകിയേയും പിന്തുണച്ചുക്കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാൽ വിദ്വേഷ പ്രചാരണങ്ങൾക്ക് നവീനും ജാനകിയും മറുപടിയും നൽകിയിരുന്നു. വളരെ കുറച്ച് പേർ മാത്രമാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഭൂരിപക്ഷവും കാര്യങ്ങളെ പോസ്റ്റിറ്റീവ് ആയാണ് കാണുന്നതെന്നും അവർ പറഞ്ഞു . പറയുന്നവർ പറയട്ടെ. നമ്മൾ നല്ല സുഹൃത്തുക്കളാണ്. തുടർന്നും ഒരുമിച്ച് ഡാൻസ് ചെയ്യുമെന്നും ഇരുവരും പറഞ്ഞു.

By Divya