Mon. Nov 25th, 2024
ആലപ്പുഴ:

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞതില്‍ തുടർനടപടി ചർച്ച ചെയ്യാൻ ഇന്ന് ദേവസ്വം ബോർഡ് യോഗം ചേരും. ആനപ്രേമികളുടെ പ്രതിഷേധത്തെ തുടർന്ന് ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച ദേവസ്വം ബോര്‍ഡ്, രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു.

അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗജവീരൻ വിജയകൃഷ്ണന്‍ ചരിഞ്ഞത്. ആനയോടുള്ള ആദര സൂചകമായി അമ്പലപ്പുഴയിൽ വിശ്വാസികൾ ഹർത്താൽ ആചരിച്ചു. ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ് ആന ചരിയാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

പ്രശ്നപരിഹാരത്തിന് ചര്‍ച്ചക്കെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെയും പ്രതിഷേധം ഉണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ നിലപാടെടുത്തു. മണിക്കൂറൂകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുത്തത്.

പോസ്റ്റുമോര്‍ട്ടത്തിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജഡം കോന്നിയിലേക്ക് കൊണ്ടുപോയി.

By Divya