Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യ ചൈന പതിനൊന്നാം കമാണ്ടർ തല ചർച്ച ഇന്ന് ചുഷുലിൽ രാവിലെ പത്തര മണിക്ക് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരു സൈന്യങ്ങളുടെയും രണ്ടാം ഘട്ട പിന്മാറ്റം സംബന്ധിച്ച ചർച്ചകളാകും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക. പാൻഗോഗ് തടാകത്തിന് സമീപത്തെ ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായ സാഹചര്യത്തിലാണ് അടുത്ത ഘട്ട പിന്മാറ്റത്തിനുള്ള ചർച്ച.

ഗോഗ്ര, ഹോട്സ്പ്രിംഗ്, ദേപ്സാംഗ്, ദെംചോക് തുടങ്ങിയ മേഖലകളിലെ പിന്മാറ്റത്തെ കുറിച്ചാണ് ഇന്നത്തെ ചർച്ച. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചർച്ച ചെയ്യാൻ തയാറാണെന്ന് ചൈന വ്യക്തമാക്കി. ഇതിനു കാലതാമസമുണ്ടാകില്ലെന്നു വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു.

ചൈന കടന്നുകയറ്റം നടത്തുന്നതിനു മുൻപ്, 2020 ഏപ്രിലിൽ നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഗൽവാൻ, പാംഗോങ്, ഹോട്ട് സ്പ്രിങ്‍സ് എന്നിവിടങ്ങളിൽനിന്നു ചൈനീസ് സേന പിന്മാറിയെങ്കിലും ഡെപ്‌സാങ് താഴ്‌വരയിൽ സംഘർഷം തുടരുകയാണ്. ഇവിടെ നിന്നു ചൈന വേഗം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

By Divya