Mon. Dec 23rd, 2024
കൊച്ചി:

ആളൊഴിഞ്ഞ ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായവരാണ് തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ റസാഖും. വൈറലായ ഡാന്‍സിന് പിന്നാലെ പുതിയ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി വീണ്ടും ഇരുവരും എത്തിയിരിക്കുകയാണ്. ക്ലബ് എഫ്എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് ഇരുവരുടെയും പുതിയ പെര്‍ഫോമന്‍സ്.

മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാനിലെ പാട്ടിന്റെ റീമിക്‌സ് വേര്‍ഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയ്യടി നേടുകയാണ്. നേരത്തെ ജാനകിയ്ക്കും നവീനുമെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

By Divya