കൊച്ചി:
വാളയാറിൽ രണ്ടു കുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയോടും അമ്മയെ അവഹേളിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ അഡ്വ ഹരീഷ് വാസുദേവനോടും പൊറുക്കാനാവില്ലെന്ന് എഴുത്തുകാരൻ സി ആർ പരമേശ്വരൻ. ഫേസ്ബുക്ക് കുറിപ്പിലാണ് സി ആർ പരമേശ്വരൻ തൻെറ നിലപാട് വ്യക്തമാക്കിയത്.
80 കൊല്ലമായി കമ്മ്യൂണിസ്റ്റ് പാർട്ടി നെടുനായകമായി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്തു ഇങ്ങനെ ഒരു സാമൂഹ്യപിന്നോക്ക പ്രദേശം ഉണ്ടെന്നതിൽ ലജ്ജിക്കേണ്ടത് സിപിഎമ്മിൻെറ പരമാധികാരിയായ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം കുറിച്ചു. ‘എൻെറ പോലീസിനെയും എൻെറ പാർട്ടിക്കാരെയും ഒരിക്കലും ശിക്ഷ ഏൽക്കാൻ ഞാൻ സമ്മതിക്കില്ല’ എന്ന മുഖ്യ മന്ത്രിയുടെ അധാർമിക നിഷ്ഠയാണ് ആ കുട്ടികൾക്ക് നീതി നിഷേധിക്കാൻ ഇടയായത്.
വാളയാർ കേസ് ഓരോ ഘട്ടത്തിലും ശ്രദ്ധാപൂർവം നിരീക്ഷിച്ചിരുന്നു. സമൂഹത്തിൽ രണ്ടു വിധത്തിൽ കഠിനമായി പാർശ്വൽക്കരിക്കപ്പെട്ട ഒരു വ്യക്തിത്വത്തെ അവഹേളിക്കുന്നവരോട് പൊറുക്കാനാവില്ല. ഇത് മുഖ്യമന്ത്രിക്കും ഹരീഷിനും ബാധകമാണെന്ന് സി ആർ പരമേശ്വരൻ കുറിച്ചു.