Thu. Jan 23rd, 2025
കണ്ണൂർ:

കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു.

ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും കീഴ്മാടം, കൊച്ചിയങ്ങാടി കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്കും തീയിട്ടു. പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ള സ്മാരക മന്ദിരവും തീവെച്ച് നശിപ്പിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്.

കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.

22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ അന്ന് രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

By Divya