Mon. Dec 23rd, 2024
കൊച്ചി:

എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരായ സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാ‌ഞ്ച് ഹൈക്കോടതിയിൽ. മൊഴി പൂർണ്ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മുദ്രവെച്ച കവറിൽ നൽകാമെന്നും കോടതിയെ അറിയിച്ചു. ക്രൈംബ്രാ‌ഞ്ച് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള അന്വേഷണം എന്നത് ആർക്കെതിരെയും കള്ള തെളിവുണ്ടാക്കാനുള്ള ലൈസൻസ് അല്ലെന്ന് സർക്കാർ വ്യക്തമാക്കി. ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കുന്നത് സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയിലെ വിവരങ്ങളാണ് അതിന് കള്ളപ്പണ കേസുമായി ബന്ധമില്ലെന്നും സർക്കാർ വാദിച്ചു. നിയമപരമായി നിലനിൽക്കാത്ത ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇഡിയ്ക്കായി സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയും, സർക്കാറിനായി മുൻ അഡി സോളിസിറ്റർ ഹരിൻ പി റാവലുമായി കോടതിയിൽ ഹാജരായത്.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാ‌ഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്.

സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജന്‍സിക്ക് അധികാരമില്ല. അന്തിമ വിധി വരുന്നത് വരെ ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇഡി ഗൂഡാലോചന നടത്തിയതിന്‍റെ തെളിവുകളാണ് മൊഴികൾ എന്നും ഇത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് അധികാരം ഉണ്ടെന്നാണ് സർക്കാർ വാദം.

By Divya