Fri. Nov 22nd, 2024
കൊച്ചി:

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണൻ അറിയിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നത്.

കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചങ്കിലും, തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ മറുപടി നൽകുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്‍റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാ‌ഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്.

സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജന്‍സിക്ക് അധികാരമില്ല. അന്തിമ വിധി വരുന്നത് വരെ ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇഡി ഗൂഡാലോചന നടത്തിയതിന്‍റെ തെളിവുകളാണ് മൊഴികൾ എന്നും ഇത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് അധികാരം ഉണ്ടെന്നാണ് സർക്കാർ വാദം.

By Divya