Mon. Dec 23rd, 2024
കായംകുളം:

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ആലപ്പുഴയിലെ കായംകുളത്തുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഫ്‌സലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഫല്‍ ചെമ്പക്കപ്പിള്ളിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.

ആലപ്പുഴയിലെ ഹരിപ്പാടും മറ്റു തീരദേശ മേഖലകളിലും രാവിലെ മുതല്‍ സംഘര്‍ഷമുണ്ടായിരുന്നു. എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു പ്രധാനമായും സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

രാജേഷ് കുട്ടന്റെ വീട്ടിലെത്തിയായിരുന്നു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ഇതുകണ്ട് നിന്ന ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

By Divya